CONVICTION

തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസ് പരിധിയിൽ ബീമാപള്ളി വാർഡിൽ പണി പൂർത്തിയാക്കിയ പ്രവൃത്തിയുടെ ബിൽ മാറി നൽകുന്നതിന് 10,000/- രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് കൈയ്യോടെ പിടികൂടി രജിസ്റ്റർ ചെയ്ത കേസ്സിൽ തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസിലെ മുൻ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന സി.ശിശുപാലൻ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി,  വിവിധ വകുപ്പുകളിലായി 10 വർഷം കഠിന തടവിനും  ഒന്നര ലക്ഷം രൂപ പിഴ ഈടാക്കുന്നതിനും ഇന്ന് (14.10.2025) ശിക്ഷിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസ് പരിധിയിലെ വിവിധ പ്രവൃത്തികൾ എറ്റെടുത്ത് ചെയ്യുന്ന കോൺട്രാക്ടറായ പരാതിക്കാരൻ 2017-2018 കാലഘട്ടത്തിൽ ഫോർട്ട് സോണൽ ഓഫീസ് പരിധിയിലെ ബീമാപള്ളി വാർഡിലെ ഒരു റോഡിൽ ഇന്റർ ലോക്ക് പാകുന്ന ഒരു പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. പൂർത്തീകരിച്ച പ്രവൃത്തിയുടെ ബിൽ തുകയായ 4,22,000/-രൂപ മാറി നൽകുന്നതിന് ഫോർട്ട് സോണൽ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന സി.ശിശുപാലൻ 15,000/-രൂപ കൈക്കൂലി ആവശ്യപ്പെടുകയും, ആദ്യ ഗഢുവായി 5,000/-രൂപ വാങ്ങുകയും തുടർന്ന് ബാക്കി തുകയായ 10,000/- രൂപ വാങ്ങവെ വിജിലൻസ് കൈയ്യോടെ പിടികൂടി കേസ് രജിസ്റ്റർ ചെയ്ത് അന്തിമ റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. ഈ കേസിലാണ്   തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസിലെ മുൻ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന സി.ശിശുപാലൻ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി, വിവിധ വകുപ്പുകളിലായി ആകെ 10 വർഷത്തെ കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴ  ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. ശിക്ഷിച്ച പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. തിരുവനന്തപുരം വിജിലൻസ് ജഡ്ജ് ശ്രീ. മനോജ്‌.എ ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി. വീണാ സതീശൻ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.